പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം; അറിയാം സുകന്യ സമൃദ്ധി യോജന

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്.

പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ഉദാഹരണത്തിന്, പ്രതിമാസം 10,000 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷമാകും. 8.20 ശതമാനം പലിശ കൂടി കൂട്ടുമ്പോള്‍ അക്കൗണ്ടില്‍ 37.42 ലക്ഷം രൂപ ഉണ്ടാവും. അക്കൗണ്ട് തുറന്ന് 21 വര്‍ഷമാകുമ്പോള്‍ പലിശസഹിതം ആകെ 55.42 ലക്ഷം രൂപ സമ്പാദിക്കാം.

Previous Post Next Post