2019ലാണ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന 'ഒരു വൈറസിനെ' കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്തെത്തിയത്.
അന്ന് ആരും കരുതിയിരുന്നില്ല ലോകത്തെ തന്നെ നിശ്ചലമാക്കുന്ന ഒരു മഹാമാരിയായി അത് മാറുമെന്ന്. കൊവിഡ് 19 വ്യാപനത്തിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് വ്യാപനത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്(എച്ച്‌എംപിവി) കേസുകളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഭീതി പടർത്തുന്ന എച്ച്‌എംപിവിയെ കുറിച്ച് കൂടുതല്‍ അറിയാം,
എന്താണ് HMPV?
ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്‌എംപിവി അഥവാ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തില്‍പ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്റ് പ്രവന്‍ഷന്‍) വ്യക്തമാക്കുന്നത്. 2001ലാണ് ആദ്യമായി എച്ച്‌എംപിവി സ്ഥിരീകരിക്കപ്പെട്ടത്.
ലക്ഷണങ്ങള്‍
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് സമാനമാണ് എച്ച്‌എംപിവിയുലെ ലക്ഷണങ്ങള്‍. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. വൈറസ് ബാധ ഗുരുതരമാകുന്നത് ന്യുമോണിയ പോലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമായേക്കാം. എച്ച്‌എംപിവിയുടെ ഇന്‍ക്യുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. അണുബാധയുടെ തീവ്രതയനുസരിച്ച് രോഗലക്ഷണങ്ങളുടെ കാലയളവ് നീണ്ടുനില്‍ക്കും.
ചികിത്സ
നിലവില്‍ എച്ച്‌എംപിവിക്ക് പ്രത്യേക ചികിത്സയോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിലും സങ്കീര്‍ണതകള്‍ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വൈദ്യസഹായമാണ് നല്‍കുന്നത്.
എച്ച്‌എംപിവിയും കൊവിഡ് 19ഉം
കൊവിഡ് 19 വൈറസുമായി നിരവധി സാമ്യതകള്‍ എച്ച്‌എംപിവിക്കുണ്ട്. വൈറസ് ബാധ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പകരുന്ന രീതിയിലും രണ്ട് രോഗങ്ങള്‍ തമ്മില്‍ സാമ്യമുണ്ട്. എന്നാല്‍ ശൈത്യകാലത്തോ ചൂട് കുറഞ്ഞ കാലാവസ്ഥയിലോ ആണ് എച്ച്‌എംപിവി വ്യാപനം കൂടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.