'സുകുമാരന്‍ നായരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്; സഹായിച്ചതും അഭയം തന്നതും എന്‍എസ്എസ്; ആ ബന്ധം ആരുവിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ല'

കോട്ടയം: മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എന്‍എസ്എസ്സെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് ഉയര്‍ത്തിപ്പിടിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് കഴിയുന്നുണ്ടെന്നും എന്‍എസ്എസുമായുള്ള ആത്മബന്ധം ആരുവിചാരിച്ചാലും മുറിച്ചു മാറ്റാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്നത്തിന്റെ കയ്യിലുള്ള വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരന്‍ നായരുടെ കൈയിലുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. എന്‍എസ്എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതാണ് ആ വടി. രാഷ്ട്രീയ രംഗത്ത് ഇടപെടേണ്ട സമയത്തെല്ലാം എന്‍എസ്എസ് ഇടപെട്ടിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ ജി സുകുമാരന്‍ നായര്‍ ഇടപെടുന്നത് ആശാവഹമാണ്. അതില്‍നിന്ന് തന്നെപ്പോലുള്ളവര്‍ക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കോളജ് പഠനകാലം മുതലാണ് എന്‍എസ്എസുമായി താന്‍ ബന്ധപ്പെടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. എസ്എസ്എല്‍സിക്ക് തനിക്ക് ഫസ്റ്റ് ക്ലാസിന് അഞ്ച് മാര്‍ക്ക് കുറവായിരുന്നു. അന്ന് വീടിനടുത്തുള്ള കോളജില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കി. റാങ്ക് ലിസ്റ്റില്‍ താന്‍ അഞ്ചാമനായിരുന്നു. ഈ സമയത്ത് താന്‍ കെഎസ് യു പ്രവര്‍ത്തകനുമായിരുന്നു. ഈ കോളജില്‍ താന്‍ പഠിച്ചാല്‍ അവിടുത്തെ അന്തീരിക്ഷം തകര്‍ക്കുമെന്ന് ആരോ ഊമക്കത്ത് അയച്ചു. തനിക്ക് കോളജില്‍ പ്രവേശനം നിഷേധിച്ചു. മറ്റൊരിടത്തും അപേക്ഷ കൊടുത്തിരുന്നില്ല. ഒടുവില്‍ അച്ഛന്‍ എന്നെയും കൂട്ടി എന്‍എസ് എസ് കോളജിലെത്തി. അവിടെ പ്രവേശനത്തിനുള്ള അപേക്ഷ നല്‍കാനുള്ള സമയം കഴിഞ്ഞിരുന്നു. എന്നിട്ടും അവര്‍ അപേക്ഷ വാങ്ങി പ്രവേശനം തന്നു. തന്നെ സഹിയിച്ചതും തനിക്ക് അഭയം തന്നതും എന്‍എസ്എസ് ആയിരുന്നു. ആ ബന്ധം ആരുവിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ല. അവിടെ നിന്നാണ് തന്റെ പൊതുജീവിതം ആരംഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മന്നം ജയന്തി ഉദ്ഘാടനം ചെയ്യുകയെന്നത് തന്റെ ജീവിത്തിലെ സൗഭാഗ്യമായ കാര്യമാണ്. രാജിവ്ഗാന്ധി മുതല്‍ കെ കരുണാകരന്‍ വരെയുള്ള ഉജ്ജ്വലങ്ങളായ നേതൃത്വം ഉദ്ഘാടനം ചെയ്ത വേദിയില്‍ തനിക്ക് ഒരവസരം കിട്ടിയതില്‍ എന്‍എസ്എസിനോടും ജനറല്‍ സെക്രട്ടറിയോടും പൂര്‍ണമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. എന്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തെ കരുത്തോടെ നയിക്കുന്ന, നിലപാടുകളില്‍ അചഞ്ചലമായി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ആളാണ് സുകുമാരന്‍ നായരെന്നും ചെന്നിത്തല പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ വിപ്ലകാരികാരിയാണ് മന്നത്ത് പത്മനാഭനെന്ന് ചെന്നിത്തല പറഞ്ഞു. സ്വന്തം സമുദായത്തിനൊപ്പം ഇതരസമുദായങ്ങളെയും ഇതരമതവിശ്വാസങ്ങളെയും ചേര്‍ത്ത് പിടിക്കുന്നതായിരുന്നു മന്നത്തിന്റെ ശക്തി. മതസൗഹാര്‍ദത്തിന്റെ ഉജ്ജ്വലമായ പ്രതീകങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു എന്‍എസ്എസ് നിലപാട്. എന്‍എസ് എസ് സമൂഹത്തിന് നല്‍കുന്ന ശക്തിയും ചൈതന്യവും ചെറുതല്ല. സമുദായങ്ങള്‍ തമ്മില്‍ പിണങ്ങണമെന്ന് പറയുന്നവര്‍ക്ക് എന്‍എസ്എസിനോട് പിണക്കമുണ്ടാകാം, പരിഭവം ഉണ്ടാകാം. അവരോട് നമുക്ക് സഹതപിക്കാമെന്നും ചെന്നിത്തല പറഞ്ഞു

Previous Post Next Post