പത്തനംതിട്ടയില്‍ എസ്‌ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർഥി. ബസ്‌സ്റ്റാൻഡില്‍ കറങ്ങി നടക്കുന്നത് ചോദ്യംചെയ്ത പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ ജിനുവിനാണ് മർദനമേറ്റത്.
തലയ്ക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വിദ്യാർഥികളുടെ സ്ഥിരം സംഘർഷവേദിയാണ് പത്തനംതിട്ട പുതിയ സ്വകാര്യ സ്റ്റാൻഡ്. വിദ്യാർഥിനികളെ കമന്റടിക്കുന്നെന്ന പരാതിയെ തുടർന്ന് എസ്.ഐ.യും സംഘവും പരിശോധനയ്‌ക്കെത്തുകയായിരുന്നു. ഈ സമയത്താണ് കറങ്ങി നടക്കുന്ന വിദ്യാർത്ഥിയെ കണ്ടത്.
തുടർന്ന് വീട്ടില്‍ പോകാൻ കുട്ടിയോട് പറഞ്ഞപ്പോള്‍ എസ്.ഐയോട് തട്ടിക്കയറുകയായിരുന്നു. ഇത് പറയാൻ താൻ ആരാണെന്ന് എസ്‌ഐയോട് ചോദിച്ച കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പോലീസ് ജീപ്പിനരികിലേക്ക് പോയി. ഈ സമയത്ത് വിദ്യാർത്ഥി പിന്നില്‍ നിന്നും എസ് ഐയെ ആക്രമിക്കുകയായിരുന്നു.
താഴെ വീണ എസ്.ഐ.യുടെ തലയില്‍ കമ്ബുകൊണ്ട് വിദ്യാർത്ഥി അടിച്ചു. തുടർന്ന് മറ്റു പോലീസുകാരന്റെ സഹായത്തോടെ എസ് ഐ പിന്നീട് വിദ്യാർഥിയെ കീഴടക്കി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ വിദ്യാർത്ഥിക്ക് മാനസിക വെല്ലുവിളിയുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.