കുമരകം: മാറ്റങ്ങള്‍ എന്നും അനിവാര്യമാണ്. ഇതാ പുതിയൊരു മാറ്റവുമായി കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം.
ഇനി കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെത്തുന്ന പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാം എന്നാണ് പുതിയ മാറ്റത്തില്‍ പറയുന്നത്. പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താം എന്ന് ദേവസ്വം തീരുമാനം എടുത്തിരിക്കുകയാണ്.
ക്ഷേത്രങ്ങളില്‍ ഉടുപ്പഴിച്ച് കയറണമെന്ന അനാചാരം മാറ്റണമെന്ന ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിര്‍ദ്ദേശം മാനിച്ചാണ് തീരുമാനം. ദേവസ്വം തന്നെയാണ് ഈ കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.
ഭരണ സമിതിയും പൊതു യോഗവും ഐക്യകണ്‌ഠേന ആണ് ഇത് പാസാക്കിയത്. ആത്മീയ കാര്യങ്ങളില്‍ ശിവഗിരി മഠത്തിന്റെ അഭിപ്രായങ്ങള്‍ ക്ഷേത്ര ഭരണ സമിതി തേടാറുണ്ട്. ഇന്നലെ രാവിലെ 7 മുതല്‍ ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാനുള്ള അനുമതി വിളംബരം പുറപ്പെടുവിച്ചതായി എസ്. കെ. എം (ശ്രീകുമാര മംഗലം) ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടന്‍ അറിയിച്ചു.