പേര് പറഞ്ഞില്ലെങ്കിലും ആളെ ജനങ്ങള്‍ക്കറിയാം'; ഇനിയും ബുദ്ധിമുട്ടിച്ചാല്‍ നിയമനടപടിക്കെന്ന് ഹണി റോസ്.

ദ്വയാർഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതിനു പിന്നാലെ അധിക്ഷേപം ആവർത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി നടി ഹണി റോസ്.

മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു താരം. പേര് പരാമർശിച്ചില്ലെങ്കിലും ആ വ്യക്തിയെ ആളുകള്‍ക്ക് അറിയാമെന്നും വിവാദമുണ്ടാക്കാൻ താത്പര്യമില്ലെന്നും ഹണി റോസ് വ്യക്തമാക്കി.

നിയമനടപടിയെ പറ്റി ചർച്ചകള്‍ നടത്തിയിട്ടുണ്ട്. ഇനിയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം തുടർന്നാല്‍ തീർച്ചയായും നിയമനടപടിയുമായി മുന്നോട്ട് പോകും. പേര് പറഞ്ഞില്ലെങ്കിലും ആളുകള്‍ക്ക് അറിയാം. സാമൂഹികമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട വിഷയമാണത്. ഇങ്ങനെ തന്നെ പോകാമെന്നുള്ളത് സ്വയമെടുത്ത തീരുമാനമാണ്. എനിക്ക് അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ താത്പര്യമില്ല. എനിക്കും എന്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാൻ തീരുമാനിച്ചത്, ഹണി റോസ് പറഞ്ഞു.

 ദ്വയാർഥ പരാമർശങ്ങളിലൂടെ ഒരു വ്യക്തി അപമാനിക്കാൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇൻസ്റ്റഗ്രാമിലൂടെയാണ് ഹണി റോസ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാർഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂർവം വലിച്ചിഴച്ച്‌ സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു.

Previous Post Next Post