അന്‍വര്‍ യുഡിഎഫിന്റെ മലയോര സമരയാത്രയില്‍ ഇന്ന് പങ്കെടുക്കും; നിലമ്പൂരിലെ സ്വീകരണ ചടങ്ങിനെത്തും

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പിവി അന്‍വര്‍ പങ്കെടുക്കും. ഇന്ന് യാത്ര ജില്ലയിലെത്തുമ്പോള്‍ സ്വീകരണച്ചടങ്ങിലാണ് അന്‍വര്‍ പങ്കെടുക്കുക. അന്‍വറിന് യുഡിഎഫിന്റെ മലയോര ജാഥയില്‍ പങ്കെടുക്കാമെന്ന് പ്രതിപക്ഷ നേതാവാണ് അറിയിച്ചത്. ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം പ്രതിപക്ഷനേതാവാണ് തീരുമാനം അറിയിച്ചത്.

ഇതാദ്യമായിട്ടാണ് യുഡിഎഫിന്റെ ഒരു പരിപാടിയില്‍ പിവി അന്‍വര്‍ പങ്കെടുക്കുന്നത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കുന്ന എടക്കരയിലാണ് അന്‍വര്‍ പങ്കെടുക്കുന്നത്. യാത്രയിലേക്ക് യുഡിഎഫ് നേതൃത്വത്തിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇത് മലയോരത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നത്തിനു വേണ്ടിയുള്ള സമരയാത്രയാണ്, അതിന് ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് അന്‍വര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ ആരു സമരം നടത്തിയാലും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മലയോര സമരയാത്രയില്‍ പങ്കെടുക്കാന്‍ അന്‍വറിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍, ഇതില്‍ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

Previous Post Next Post