ഉറങ്ങിയത് ആരുടെയൊപ്പം?; ദേവേന്ദുവിന്റെ ദുരൂഹമരണം മുത്തച്ഛന്‍ മരിച്ച് 16-ാം ദിവസം; പിന്നാലെ 30 ലക്ഷം നഷ്ടപ്പെട്ടെന്ന് പരാതി

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത് മുത്തച്ഛന്‍ മരിച്ച് പതിനാറാം ദിവസം. ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് മുത്തച്ഛന്‍റെ മരണാനന്തര ചടങ്ങുകള്‍ നടക്കാനിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ശ്രീതുവിന്റെ അച്ഛനാണ് 16 ദിവസം മുന്‍പ് മരിച്ചത്.

കിണറിന്റെ മുകള്‍ ഭാഗം മൂടിയിരുന്നു. എന്നാല്‍ രാവിലെ പരിശോധന നടത്തുമ്പോള്‍ കിണറിന്റെ ഒരു ഭാഗത്തെ വിരി മാറിയതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തി കിണറ്റില്‍ പരിശോധന നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന് പുറത്തിറങ്ങാത്ത കുട്ടിയാണിതെന്നും, ചുറ്റുമതിലുള്ള കിണറ്റില്‍ കുട്ടി വീണതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ അച്ഛന്‍ മരിച്ചതിനു പിന്നാലെ 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു.

സംഭവദിവസം വീട്ടില്‍ കുഞ്ഞിന് പുറമെ, അച്ഛന്‍ ശ്രീജിത്ത്, അമ്മ ശ്രീതു, അമ്മാവന്‍ ഹരികുമാര്‍, മുത്തശ്ശി, മരിച്ച കുഞ്ഞിന്റെ നാലു വയസ്സുകാരിയായ സഹോദരി എന്നിവരാണ് ഉണ്ടായിരുന്നത്. മൂത്ത കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോകാനായി, രണ്ടു വയസ്സുകാരിയെ എടുത്ത് അച്ഛന്റെ അടുത്ത് കിടത്തിയെന്നാണ് അമ്മ ശ്രീതു പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ കുഞ്ഞ് അമ്മ ശ്രീതുവിനൊപ്പമായിരുന്നുവെന്നാണ് അച്ഛന്‍ ശ്രീജിത്തിന്റെ മൊഴി. താന്‍ നല്ല ഉറക്കത്തിലായിരുന്നുവെന്നും സംഭവമൊന്നും അറിഞ്ഞില്ലെന്നും അയാള്‍ പറയുന്നു. അതേസമയം മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞ് ഉണ്ടായിരുന്നതെന്നാണ് മുത്തശ്ശിയും അമ്മാവനും പൊലീസിനോട് പറഞ്ഞത്. വീട്ടുകാരുടെ പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിനെ കുഴക്കുന്നത്.

Previous Post Next Post