കഴുത്തില്‍ തണുപ്പ് തോന്നി, നോക്കിയപ്പോള്‍ മൂര്‍ഖൻ പാമ്ബ് ചുറ്റിയ നിലയില്‍; കൈകൊണ്ടെടുത്ത് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു.


തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിച്ച അമ്ബത്തിയൊന്നുകാരന്‍റെ കഴുത്തില്‍ മൂർഖൻ പാമ്ബ് ചുറ്റി. വെള്ളനാട് കടിയൂർകോണം സിഎൻ ഭവനില്‍ സി ഷാജിയുടെ കഴുത്തിലാണ് പാമ്ബ് ചുറ്റിയത്.

അത്ഭുതകരമായാണ് ഷാജി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

കാരിക്കോണം സെന്‍റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഒരു പുരയിടത്തിലായിരുന്നു ജോലി. ഭക്ഷണം കഴിച്ച്‌ ജോലി സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു ഷാജി. കഴുത്തില്‍ തണുപ്പ് അനുഭവപ്പെട്ടതോടെ ഞെട്ടി എഴുന്നേറ്റപ്പോഴാണ് മൂർഖൻ പാമ്ബ് കഴുത്തില്‍ ചുറ്റിയത് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ അദ്ദേഹം പാമ്ബിനെ കൈകൊണ്ടെടുത്ത് വലിച്ചെറിഞ്ഞു. തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു.

 മറ്റ് തൊഴിലാളികളും സമീപത്തുണ്ടായിരുന്നെങ്കിലും പാമ്ബ് എവിടെ നിന്ന് വന്നതാണെന്ന് ആരും കണ്ടില്ല. ഷാജി വലിച്ചെറിഞ്ഞ മൂർഖൻ സമീപത്തുണ്ടായിരുന്നവരുടെ നേരെ തിരിഞ്ഞതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ അടിച്ചുകൊന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഷാജിയും കൂട്ടരും ജോലി തുടർന്നു. ഇന്നും അതേ പുരയിടത്തില്‍ തൊഴിലുറപ്പ് ജോലി നടക്കുന്നുണ്ടെങ്കിലും ജാഗ്രതയോടെയാണ് പണി. വർഷങ്ങളായി ആള്‍ത്താമസമില്ലാതെ കാട് കേറിയ അഞ്ചര ഏക്കർ സ്ഥലമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ വ്യത്തിയാക്കുന്നത്. ചെറിയ പാമ്ബുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ മൂർഖൻ അവിടെ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മറ്റ് ജോലിക്കാർ പറഞ്ഞു.

Previous Post Next Post