നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി'; മലയാളികളെ പരിഭ്രാന്തരാക്കി ഇന്നത്തെ പ്രമുഖ പത്രങ്ങളുടെയെല്ലാം ഒന്നാം പേജ്

പതിവുപോലെ വീട്ടുമുറ്റത്തെത്തിയ പത്രമെടുത്ത് തുറന്ന് നോക്കിയപ്പോള്‍ മിക്ക മലയാളികളും ഞെട്ടി. 'നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി' എന്നതായിരുന്നു ഇന്ന് പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജിലെ പ്രധാന തലക്കെട്ട്.

രാജ്യത്ത് ഫെബ്രുവരി ഒന്ന് മുതല്‍ കറന്‍സി നോട്ടുകള്‍ ഇല്ലാതാകുമെന്നും ഡിജിറ്റല്‍ കറന്‍സിയിലായിരിക്കും ഇടപാടുകള്‍ നടത്തുകയെന്നുമായിരുന്നു വാര്‍ത്ത.


തലേദിവസങ്ങളില്‍ ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ ഒരു സൂചന പോലുമില്ലാത്ത വാര്‍ത്തയായിരുന്നതിനാല്‍ തന്നെ വായനക്കാരാകെ ഞെട്ടിയ അവസ്ഥ. 2016 നവംബര്‍ എട്ടിന് നടന്ന നോട്ട് നിരോധനത്തിന്റെ ഓര്‍മയില്‍ മിക്ക വായനക്കാരും വാര്‍ത്ത വിശ്വസിക്കുകയും ചെയ്തു. വിശ്വസിക്കുക മാത്രമല്ല, ആ വിശ്വാസത്തിന്റെ ബലത്തില്‍ തങ്ങളുടെ കൈയിലുള്ള നോട്ടുകള്‍ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാവുകയും ചെയ്തു പലരും. എന്നാല്‍ വാര്‍ത്ത സൂക്ഷിച്ചു വായിക്കുമ്ബോള്‍ ചിലര്‍ക്കെങ്കിലും കല്ലുകടി തോന്നി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെയെല്ലാം പേരുകള്‍ തെറ്റിയാണ് വന്നിരിക്കുന്നത്.

അത് ചിര്‍ക്കെങ്കിലും സംശയമുണ്ടാക്കി

കറന്‍സി നാടുനീങ്ങുമെന്ന വാര്‍ത്ത മാത്രമായിരുന്നില്ല ഒന്നാം പേജില്‍ ഉണ്ടായിരുന്നത്. ഫിഫ ലോകകപ്പ് ഫൈനലില്‍ ഭൂമിയും ചൊവ്വയും ഏറ്റുമുട്ടിയതും കടലിനടിയില്‍ നേരെ ചെന്ന് താമസിക്കാവുന്ന ഓഷ്യാനസ് എന്ന ആദ്യത്തെ ആഴക്കടല്‍ നഗരത്തെക്കുറിച്ചും റോബോട്ട് മന്ത്രിസഭാംഗമായതുമെല്ലാം വാര്‍ത്തയായി വന്നു. എല്ലാം അമ്ബരപ്പിക്കുന്ന തലക്കെട്ടുകള്‍. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍. വാര്‍ത്തകളില്‍ ഒരിടത്തുപോലും ഇത് നുണയാണെന്നോ കല്‍പ്പിത കഥയാണെന്നോ ഉള്ള സൂചനകളില്ല. സ്വന്തം പേജുകളുടെ തനത് ഡിസൈന്‍ തന്നെയാണ് പത്രങ്ങള്‍ ഉപയോഗിച്ചത്. മിക്ക പത്രങ്ങളും സ്വന്തം ഫോണ്ട് തന്നെ ഉപയോഗിച്ചു. അതിനാല്‍ തന്നെ വായനക്കാര്‍ ഇടിവെട്ടേറ്റ അവസ്ഥയിലായി.

ഒന്നാം പേജിലെ വിചിത്രവാര്‍ത്തകള്‍ കണ്ട് 'കിളി പോയ' പലര്‍ക്കും പത്രം സൂക്ഷിച്ച്‌ നോക്കിയപ്പോഴാണ് കാര്യം പിടി കിട്ടിയത്. ഒരു സ്വകാര്യ സര്‍വകലാശാലയുടെ പരസ്യമായിരുന്നു അത്. പത്രങ്ങളില്‍ സാധാരണ വരാറുള്ള മാര്‍ക്കറ്റിംഗ് ഫീച്ചര്‍. ചില പത്രങ്ങള്‍ മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് തീരെ ചെറിയ അക്ഷരത്തില്‍ മുകളില്‍ എഴുതിപ്പിടിപ്പിച്ചിരുന്നു. എന്നാല്‍, മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്നാല്‍ എന്താണെന്ന് അറിയാത്ത ഭൂരിപക്ഷം വായനക്കാര്‍ക്കും ഇതിന്റെ പരസ്യ തന്ത്രം പിടികിട്ടിയതേയില്ല. മാത്രമല്ല, കമ്ബനികളുടെ അവകാശവാദങ്ങളും മറ്റും അതിശയോക്തി കലര്‍ത്തിയും മറ്റും എഴുതുക എന്നതല്ലാതെ, ഇല്ലാത്ത വാര്‍ത്തകള്‍ മാര്‍ക്കറ്റിംഗ് ഫീച്ചറായി വരിക സാധാരണവുമായിരുന്നില്ല.


സംഗതി പരസ്യമാണെങ്കിലും പത്രത്തിലെ സാധാരണ ഒന്നാം പേജ് പോലെ തന്നെയാണ് പേജ് രൂപകല്‍പ്പന ചെയ്തത്. പ്രധാന പത്രങ്ങള്‍ ഉള്‍പ്പെടെ എട്ടോളം പത്രങ്ങള്‍ ഈ പരസ്യം ഒന്നാം പേജില്‍ തന്നെ അച്ചടിച്ച്‌ വായനക്കാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു.

Previous Post Next Post