ആദ്യമത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യയുടെ വിജയം അനായാസമായിരുന്നു. ചെന്നൈയില്‍ സ്പിന്നിന് കുറച്ചുകൂടി മേല്‍ക്കൈ കിട്ടുമെന്ന് കരുതുന്നു. ആദ്യ മത്സരത്തില്‍ സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, എന്നിവര്‍ക്കൊപ്പം രവി ബിഷ്‌ണോയിയും ടീമില്‍ ഉണ്ടായിരുന്നു. സമാനമായ നിലയില്‍ സ്പിന്‍ വിഭാഗത്തില്‍ മാറ്റം വരുത്താതെയായിരിക്കും ഇന്ന് ടീം കളിക്കളത്തില്‍ ഇറങ്ങുക.
ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുമെന്ന് കരുതിയ മുഹമ്മദ് ഷമി ആദ്യമത്സരത്തില്‍ കളിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് അടുത്തിരിക്കെ, ഷമിയുടെ ഫിറ്റ്‌നസിനെ കുറിച്ചുള്ള ചിത്രം കിട്ടാന്‍ ഈ പരമ്പരയില്‍ കളിപ്പിക്കണം. ചെന്നൈയില്‍ കളിപ്പിക്കുകയാണെങ്കില്‍ ഓള്‍റൗണ്ടര്‍ നിധീഷ്‌കുമാര്‍ റെഡ്ഡി പുറത്തിരിക്കേണ്ടി വരും.
ആദ്യ മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് പുറമേ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന്റെയും തിളക്കമാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇംഗ്ലണ്ട് 20 ഓവറില്‍ 133 റണ്‍സിന് ഒതുങ്ങുകയായിരുന്നു. അഭിഷേക് ശര്‍മ- സഞ്ജു സാംസണ്‍ ഓപ്പണിങ് ജോഡി ഇംഗ്ലണ്ട് ബൗളര്‍മാരെ വിരട്ടുകയും ചെയ്തു.
