കന്‍സാസിലെ വിചിതയില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 5342 ഫ്‌ലൈറ്റാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫും ലാന്‍ഡിങ്ങുമെല്ലാം നിര്‍ത്തിവെച്ചു.
18 മൃതദേഹങ്ങള്‍ കണ്ടെടുത്തു
അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 എന്ന വിമാനമാണ് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ നദിയില്‍ പതിച്ചത്.
വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചായിരുന്നു അപകടം. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ 65 യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.