സാന്റ ആന എന്ന വരണ്ട കാറ്റ് വീണ്ടും ശക്തി പ്രാപിക്കും. തീ കൂടുതൽ വേഗത്തിൽ പടരാൻ കാറ്റ് കാരണമാകും. 120 കി.മി വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ലൊസാഞ്ചലസ് കാലാവസ്ഥാ സർവീസിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കി.
ഈ മാസം 7 മുതലാണ് കാട്ടു തീ പരടരാൻ തുടങ്ങിയത്. ഇതുവരെ മരിച്ചവരുടെ ഔദ്യോഗിക കണക്ക് 16 ആണ്. യഥാർഥ മരണ സംഖ്യ ഇതിലും എത്രയോ ആണെന്നു റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.
കെന്നത്, ഈറ്റൺ കാട്ടു തീയാണ് പടരുന്നത്. വീടുകൾ ഉൾപ്പെടെ 12,000ത്തിലധികം നിർമിതികൾ ഭാഗികമായോ പൂർണമായോ കത്തി നശിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
ലൊസാഞ്ചലസ് സ്ഥിതി ചെയ്യുന്ന കാലിഫോർണയ സംസ്ഥാനത്തു വ്യാഴാഴ്ച ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു 1.3 ലക്ഷത്തിലേറെപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
എട്ട് മാസമായി മഴ ഇല്ലാത്തതിനാൽ ലൊസാഞ്ചലസിലെ കാലാവസ്ഥ പൊതുവേ വരണ്ടതാണ്. ഇതാണ് തീ കെടുത്താൻ പ്രയാസം സൃഷ്ടിക്കുന്നത്. കാണാതായവരെ കുറിച്ചു തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ലൊസാഞ്ചലസിൽ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളിൽ ഭൂരിഭാഗം പേരുടെയും വീടുകൾ കത്തിനശിച്ചു. താരങ്ങളായ പാരിസ് ഹിൽട്ടൺ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്‌സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്‌ലേക്ക്, ടോം ഹാങ്ക്‌സ് എന്നിവരെ സ്ഥലത്തു നിന്നു ഒഴിപ്പിച്ചു.