പെരിയ ഇരട്ടക്കൊല കേസിൽ ഇന്ന് വിധി; ശിക്ഷ 14 പ്രതികൾക്ക്

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആറു വർഷം നീണ്ട നിയമപോരാട്ടത്തിനും, 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് കോടതിയുടെ വിധി പ്രസ്താവം വരുന്നത്.

ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പെടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും കോടതി കണ്ടെത്തി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

Previous Post Next Post