സംഭവത്തില്‍ പതിനാലും പതിനാറും വയസ്സുള്ള രണ്ടുപേരാണ് പിടിയിലായത്. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികള്‍ കഞ്ചാവ് വലിക്കുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി പിടിയിലായ 14 കാരന്റേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി.
പ്രതികള്‍ക്ക് മുമ്പും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മോഷണക്കേസില്‍ ഇരുവരും പിടിയിലായിട്ടുണ്ട്. അന്ന് പ്രായത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി.
തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.