സുധാകരന്റെ ശരീരത്തില്‍ എട്ട് വെട്ടുകള്‍, വലത് കൈ അറ്റു; ലക്ഷ്മിക്ക് 12 വെട്ടേറ്റു; ഇൻക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന് ശരീരത്തില്‍ എട്ട് വെട്ടുകള്‍ ഉണ്ട്.
കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിട്ടുള്ളത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ നെറ്റിക്ക് മുകളില്‍ ആഴത്തിലുള്ള വെട്ടേറ്റു. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം വക്കാവ് ശ്മശാനത്തില്‍ സംസ്കരിക്കും.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്.100 പൊലീസുകാരെ ഉപയോഗിച്ച്‌ നെല്ലിയാമ്ബതി മല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ മുങ്ങല്‍ വിദഗ്ധരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.
Previous Post Next Post