ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു. കർണാടക രാം നഗർ സ്വദേശി കുമാരസാമി എന്ന 40 വയസ്സുകാരനാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറില്‍ നിന്നും ഇദ്ദേഹം താഴേക്ക് ചാടിയത്.
വീഴ്ചയില്‍ ഇദ്ദേഹത്തിന്റെ കൈക്കും കാലിനും പരിക്കേറ്റിരുന്നു. ഉടൻതന്നെ പോലീസ് സംഘമെത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സന്നിധാനത്തെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
കൈവശമുണ്ടായിരുന്ന ഐഡി കാർഡില്‍ നിന്നും ആണ് കർണാടക സ്വദേശിയായ കുമാരസ്വാമി ആണ് മേല്‍പ്പാലത്തില്‍ നിന്നും താഴേക്ക് ചാടിയ അയ്യപ്പഭക്തൻ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം സന്നിധാനത്ത് തുടർന്നിരുന്നു. മാനസിക പ്രശ്നങ്ങള്‍ ഉള്ള ആളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.