വയനാട്ടില്‍ വനവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോയത് പായയില്‍ പൊതിഞ്ഞ് ഓട്ടോറിക്ഷയില്‍; ആംബുലൻസ് വിട്ടുകൊടുക്കാതെ അധികൃ‍തര്‍.


വനവാസി വയോധികയുടെ മൃതദേഹത്തോട് അനാദരവ്. വയനാട്ടിലെ എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്.

ആംബുലൻസ് വിട്ടു നല്‍കാത്തതിനാല്‍ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയതായാണ് പരാതി. സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം വീട്ടില്‍‌ വച്ചായിരുന്നു ചുണ്ടമ്മ മരണപ്പെട്ടത്. പട്ടികജാതി വകുപ്പ് മൃതദേഹം സംസ്കരിക്കാനായി ശ്മശാനത്തിലേക്ക് ആംബുലൻസ് ഏർപ്പാട് ചെയ്ത് കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. തുടർന്ന് മൃതദേഹം പായയില്‍ പൊതിഞ്ഞ് ഓട്ടോറിക്ഷയിലാണ് ശ്മശാനത്തിലെത്തിച്ചത്. നാല് കിലോമീറ്റർ ദൂരമാണ് ഇത്തരത്തില്‍ മൃതദേഹം കൊണ്ടുപോയത്.

വനവാസി വിഭാഗത്തില്‍ പെട്ടവർ മരിച്ചാല്‍ ട്രൈബല്‍ പ്രമോട്ടർമാരാണ് ആംബുലൻസ് ഏർപ്പാടാക്കി നല്‍കേണ്ടത്. വനവാസി കോളനികളില്‍‌ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ ഉടൻ തന്നെ ഇത് ചെയ്ത് നല്‍കേണ്ടതാണ്. എന്നാല്‍ ചുണ്ടമ്മയുടെ കാര്യത്തില്‍ ആംബുലൻസ് എത്തിക്കാൻ നിർവാഹമില്ലെന്നായിരുന്നുവെന്നാണ് ലഭിച്ച മറുപടിയെന്നാണ് കോളനി നിവാസികള്‍ പറയുന്നത്.

Previous Post Next Post