ഒരാന മാത്രം; സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളി ഗുരുവായൂരപ്പന്‍


 

തൃശൂര്‍: അഷ്ടമി വിളക്കായ ഞായറാഴ്ച രാത്രി ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളി. വിശേഷ വിളക്കിന്റെ നാലാം പ്രദക്ഷിണത്തിന് കൊമ്പന്‍ ഗോകുലാണ് സ്വര്‍ണ്ണക്കോലമേറ്റിയത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരാന മാത്രമായിട്ടായിരുന്നു എഴുന്നള്ളിപ്പ്.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയനുസരിച്ച് ഏകാദശിയോടനുബന്ധിച്ചുള്ള എഴുന്നളളിപ്പുകള്‍, ക്ഷേത്രത്തിനുള്ളിലെ എഴുന്നള്ളിപ്പ്, കേശവന്‍ അനുസ്മരണം എന്നിവ നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. ആനകള്‍ തമ്മിലുള്ള അകലം, ആനകളും ആള്‍ക്കാരും തമ്മിലുള്ള അകലം, ആനയും തീപ്പന്തങ്ങളും തമ്മിലുള്ള അകലം എന്നിവയില്‍ കോടതി നിര്‍ദേശ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കും. ശീവേലിക്കുള്ളതുപോലെ കാഴ്ച ശീവേലിക്കും ഒരു ആനയെ മാത്രമായി പരിമിതപ്പെടുത്താനും യോഗത്തിലാണ് തീരുമാനിച്ചത്.

ഏകാദശി ദിവസത്തെ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30 മണിക്ക് പുറപ്പെടും. ഒരു ആനയെ പങ്കെടുപ്പിച്ചാകും എഴുന്നള്ളിപ്പ്. ക്ഷേത്രം കിഴക്കേദീപസ്തംഭത്തിന്റെ സമീപത്തു നിന്ന് പുറപ്പെട്ട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന എഴുന്നള്ളിപ്പ് തിരിച്ച് 9 മണിക്കുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും. ക്ഷേത്രത്തിലെ ശീവേലി വിളക്ക് എഴുന്നള്ളിപ്പിന് ഒരു ആനയെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നും യോഗം തീരുമാനിച്ചു.

Previous Post Next Post