സിനിമാ-സീരിയല്‍ നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ദിലീപ് ശങ്കർ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഫോറൻസിക് പരിശോധനയില്‍ ദിലീപ് ശങ്കറിൻ്റെ മുറിയില്‍ നിന്ന് കരള്‍ രോഗത്തിനുള്ള മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. നടൻ്റെ മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'അമ്മ അറിയാതെ', 'സുന്ദരി', 'പഞ്ചാഗ്നി' തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ ദിലീപ് ശങ്കർ, സീരിയലിൻ്റെ ഷൂട്ടിംഗിനായാണ് ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം. രണ്ട് ദിവസമായി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാൻ കഴിയാഞ്ഞതിനെ തുടർന്ന് സീരിയലിലെ സഹപ്രവർത്തകർ ഹോട്ടലില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർ മുറി തുറന്നപ്പോഴാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മുറിയില്‍ നിന്ന് ദുർഗന്ധം വമിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.