ഏറ്റവുമധികം പ്രചോദനം നല്കിയ ബിബിസിയുടെ 2024ലെ 100 വനിതകളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍ ഇടം നേടി. സാമൂഹിക പ്രവര്‍ത്തക അരുണ റോയ്, ഗുസ്തിക്കാരിയില്‍ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ വിനേഷ് ഫോഗട്ട്, അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ സംസ്കാര ചടങ്ങുകള്‍ നടത്തി സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റിയ പൂജ ശര്‍മ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ വനിതകള്‍. ഇന്ത്യന്‍ വംശജ എന്ന നിലയില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും പട്ടികയില്‍ ഇടംപിടിച്ചത് ഇന്ത്യയ്ക്ക് അഭിമാനമായി. ഹോളിവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍, ബലാത്സംഗത്തെ അതിജീവിച്ച ജിസെലെ പെലിക്കോട്ട്, സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് നാദിയ മുറാദ്, കാലാവസ്ഥാ പ്രവര്‍ത്തക അഡെനികെ ഒലഡോസു എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു ചില പ്രമുഖര്‍.
1. അരുണ റോയ്
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളില്‍ ഏറ്റവും ജനാധിപത്യമൂല്യം അവകാശപ്പെടാവുന്നത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമമാണ് വിവരാവകാശ നിയമം. 2005 ഒക്ടോബര്‍ 12 നാണ് ഈ നിയമം പാസാക്കിയത്. ഈ നിയമ നിര്‍മാണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ് അരുണ റോയ്. ഇവര്‍ ഉള്‍പ്പെടുന്ന മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതന്‍ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിവരവകാശ നിയമനിര്‍മാണത്തിലേക്കെത്തിയത്. ഐഎഎസ് ഉപേക്ഷിച്ച് ജനങ്ങളിലേക്ക് ഇറങ്ങിപ്രവര്‍ത്തിക്കാന്‍ തിരിച്ച അരുണയെ തികച്ചും ഒരു സാമൂഹിക പ്രവര്‍ത്തകയെന്ന് വിളിക്കാം.
2. വിനേഷ് ഫോഗട്ട്
മൂന്ന് തവണ ഒളിംപ്യനായിട്ടുള്ള വിനേഷ് ഫോഗട്ട്, കായികരംഗത്തെ ലിംഗവിവേചനത്തിനെതിരായ ശക്തമായ ശബ്ദമാണ്. ലോക ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്.
ഈ വര്‍ഷം, ഒളിംപിക്സ് ഫൈനലിലെത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തിക്കാരിയായി അവര്‍ മാറിയെങ്കിലും 100 ഗ്രാം ഭാരം കൂടുതലായതിനാല്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്, ഫോഗട്ട് ഗുസ്തിയില്‍ നിന്ന് വിരമിക്കുകയും രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്തു. വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് മുന്‍ ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന് മേധാവി ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ ഇന്ത്യന്‍ ഗുസ്തിക്കാര്‍ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയാണ് വിനേഷ് ഫോഗട്ട് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്.
3. പൂജ ശര്‍മ
ഹിന്ദു സംസ്കാരത്തില്‍ പരമ്പരാഗതമായി മൃതദേഹം സംസ്കരിക്കുന്നത് പുരുഷന്മാരില് നിക്ഷിപ്തമായാണ് കണക്കാക്കി വരുന്നത്. ഈ സാമൂഹിക മാനദണ്ഡം പുനര്‍നിര്‍വചിച്ചാണ് പൂജ ശര്‍മ ശ്രദ്ധ നേടിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ക്കായി ഡല്‍ഹിയില്‍ ശവസംസ്കാര ചടങ്ങുകള്‍ നടത്തിയാണ് പൂജ ശര്‍മ വാര്‍ത്തകളില്‍ ഇടംനേടിയത്.
സഹോദരന്റെ മരണശേഷമാണ് പൂജ ശര്‍മ ദൗത്യം ആരംഭിച്ചത്. സഹോദരന്റെ ശവസംസ്കാര ചടങ്ങുകള്‍ പൂജ ശര്‍മ ഒറ്റയ്ക്ക് നടത്തേണ്ടി വന്നു.ബ്രൈറ്റ് ദി സോള്‍ ഫൗണ്ടേഷന്റെ സ്ഥാപകയാണ് പൂജ ശര്‍മ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, വിവിധ മതത്തില്‍പ്പെട്ട 4,000ലധികം പേരുടെ അന്ത്യകര്‍മങ്ങള്‍ പൂജ ശര്‍മ നടത്തിയിട്ടുണ്ട്.