'മന്‍മോഹന്‍ അമര്‍ രഹേ'; സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൂത്തമകള്‍ ചിതയ്ക്ക് തീ കൊളുത്തി.രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കര്‍ ഓം ബിര്‍ല, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നഡ്ഡ തുടങ്ങി പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് മന്‍മോഹന്‍ സിങിന് രാജ്യം വിട നില്‍കിയത്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്, മൗറീഷ്യസ് വിദേശകാര്യമന്ത്രി ധനഞ്ജയ് രാംഫുള്‍ എന്നിവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിഗംബോധില്‍ എത്തി.

കോണ്‍ഗ്രസ് ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി പതിനൊന്ന് മണിയോടെയാണ് മന്‍ മോഹന്‍സിങിന്റെ മൃതദേഹം നിഗംബോധ് ഘട്ടില്‍ എത്തിച്ചത്. രാഹുല്‍ ഗാന്ധി തുറന്ന വാഹനത്തില്‍ വിലാപ യാത്രയെ അനുഗമിച്ചു.

മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍നിന്നും രാവിലെ എട്ടോടെയാണ് മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചത്. ഒന്നരമണിക്കൂര്‍ നേരം അവിടെ പൊതുദര്‍ശനം നടത്തി. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്തിമോപചാരം അര്‍പിക്കാന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീണ്ടനിരയാണുണ്ടായത്. മന്‍മോഹന്‍ സിങ് അമര്‍ രഹേ എന്ന മുദ്രാവാക്യം വിളികളോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ഇന്ന് കേന്ദ്ര ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

2004 മുതല്‍ 2014വരെ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് വ്യാഴാഴ്ച രാത്രിയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അന്തരിച്ചത്.

പി വി നരസിംഹ റാവു ഗവണ്‍മെന്റിലെ ധനകാര്യമന്ത്രിയായിരുന്നു. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന മന്‍മോഹന്‍ സിങ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. 2024 ഏപ്രിലില്‍ രാജ്യസഭയില്‍ നിന്ന് അദ്ദേഹം രാജിവെച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണറായും രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടറായും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

Previous Post Next Post