മണിപ്പൂരിനെ തോൽപ്പിച്ചു; കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; ഫൈനൽ നാളെ ബം​ഗാളിനെതിരെ

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. മണിപ്പൂരിനെതിരെ വമ്പൻ വിജയവുമായാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. സെമി ഫെനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. പിപി മുഹമ്മദ് റോഷൽ കേരളത്തിനായി ഹാട്രിക് നേടി.

റോഷലിനെ കൂടാതെ അജ്‌സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയാണ് മണിപ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. ആദ്യം നടന്ന സെമി ഫൈനലിൽ സര്‍വീസസിനെ തോല്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഫൈനലില്‍ കയറി. ചൊവ്വാഴ്ച നടക്കുന്ന ഫൈനനിൽ കേരളം ബം​ഗാളിനെ നേരിടും.

കളി ആരംഭിച്ച് ആദ്യ ഘട്ടത്തിൽ മണിപ്പുരിന്റെ ആക്രമണമായിരുന്നു. എന്നാൽ കേരളത്തിന്റെ പ്രതിരോധം മറികടക്കാൻ അവർക്കായില്ല. 22ാം മിനിറ്റിൽ നസീബ് റഹ്‌മാന്റെ ​ഗോളിലൂടെയാണ് കേരളം മുന്നിലെത്തുന്നത്. എന്നാല്‍ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പുര്‍ സമനിലപിടിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് കേരളം വീണ്ടും വലകുലുക്കുന്നത്. മുഹമമ്ദ് അജ്‌സലാണ് രണ്ടാം ​ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ മണിപ്പുര്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം കേരളം തടുത്തു. 73-ാം മിനിറ്റിലാണ് റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തുന്നത്. തുടർന്ന് 87-ാം മിനിറ്റിലും റോഷൽ കേരളത്തിന്റെ സ്കോർബോർഡിലേക്ക് നാലാം ​ഗോൾ ചേർത്തു. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റോഷല്‍ ഹാട്രിക്ക് ​ഗോൾ കണ്ടെത്തിയത്.

Previous Post Next Post