റോഡില്‍ കുഴഞ്ഞുവീണ യുവതിയെ രക്ഷിച്ച് ആറാം ക്ലാസ് വിദ്യാർത്ഥികള്‍.കണ്ണൂർ ചൊക്ലി ടൗണില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
ശരീരത്തിലെ സോഡിയം കുറഞ്ഞ് ദേഹാസ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ യുവതിയെയാണ് ചൊക്ലി വി പി ഓറിയന്റല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്കൂളിലെ വിദ്യാർത്ഥികളായ ഐഷ അലോന, ഖദീജ കുബ്റ, നഫീസത്തുല്‍ മിസ്രിയ എന്നീ വിദ്യാർത്ഥികളാണ് യുവതിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയത്.ജൂനിയർ റെഡ് ക്രോസ്സ് യൂണിഫോം ഇട്ട വിദ്യാർത്ഥിയും ഇതിൽ ഉണ്ടായിരുന്നു.
സ്കൂളിനടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. റോഡിന് എതിർവശത്തുള്ള ഗ്രൗണ്ടില്‍ നിന്നും പിഇടി കഴിഞ്ഞ് സ്കൂളിലേക്ക് തിരിച്ചു വരുന്ന വഴി യുവതി കുഴഞ്ഞു വീഴുന്നത് കണ്ട് വിദ്യാർത്ഥികള്‍ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു.ഫസ്റ്റ് എയ്ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട ക്ളാസ് രാവിലെ സ്കൂളില്‍ അധ്യാപകനായ വി പി ലൂബിൻ നല്‍കിയിരുന്നു. ഈ ക്ലാസാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്ന് കുട്ടികള്‍ പറഞ്ഞു. യുവതിക്ക് കുട്ടികള്‍ പ്രാഥമിക ചികിത്സ നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ ഫേസ്ബുക്കില്‍ ഷെയർ ചെയ്ത് കെകെ ശൈലജ ടീച്ചർ കുട്ടികളെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാരും അധ്യാപകരും അഭിനന്ദിച്ചു. സ്കൂളില്‍ നടന്ന അനുമോദനയോഗം പള്ളൂർ സബ്‌ഇൻസ്പെക്ടർ ദീപ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്ബർ പ്രദീപൻ അധ്യക്ഷനായി. സ്കൂള്‍ എച്ച് എം പി പി രമേശൻ, സ്വാലിഹ് പെരിങ്ങത്തൂർ എന്നിവർ സംസാരിച്ചു.