വ്യാജവാറ്റിനെ എതിർത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു..

കണ്ണൂർ :വ്യാജവാറ്റിനെ എതിർത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

പയ്യാവൂർ ഉപ്പ് പടന്നയിലെ തേരകത്തനാടിയില്‍ വീട്ടില്‍ സജിയെയാണ് (52) തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

പിഴയടയ്ക്കുന്നില്ലെങ്കില്‍ ഒരുവർഷം അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അമ്മ സില്‍ജയ്ക്ക് നല്‍കണം. ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റിക്ക് നിർദേശം നല്‍കി. പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് പയ്യാവൂർ പോലീസ് സ്റ്റേഷനിലുണ്ട്.

ബൈക്ക് വില്‍പ്പന നടത്തിയാല്‍ ലഭിക്കുന്ന തുക അമ്മയ്ക്ക് നല്‍കണം. സംഭവശേഷം പ്രതി ബൈക്കെടുത്താണ് വീട്ടില്‍നിന്നിറങ്ങിയത്. പ്രതിക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ ബൈക്ക് സ്റ്റേഷനിലാണുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വാദം കേട്ട കോടതി വൈകിട്ടാണ് ശിക്ഷവിധിച്ചത്.

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശിക്ഷാവിധിയെക്കുറിച്ച്‌ ജഡ്ജി ചോദിച്ചപ്പോള്‍ പ്രായമായ അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളുവെന്ന് പ്രതി പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ, കെ.പി. ബിനീഷ എന്നിവർ ഹാജരായി.

പ്രതി കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തി. 19 വയസ്സുള്ള മകൻ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യ സില്‍ജ വിദേശത്തായതിനാല്‍ സജിയും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. 2020 ഓഗസ്റ്റ് 15-ന് വൈകിട്ട് വീട്ടിലെ ഡൈനിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ നോക്കുകയായിരുന്ന ഷരോണിനെ പ്രതി പിന്നില്‍നിന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ഓഗസ്റ്റ് 14-ന് പ്രതി വീട്ടില്‍നിന്ന് നാടൻ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞു. ഇത് വാക്തർക്കത്തിനിടയാക്കി. കൈയാങ്കളിയില്‍ പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേറ്റു. ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഭാര്യ, പ്രതിയുടെ പേരിലാണ് പണമയച്ചിരുന്നത്. മദ്യപിച്ച്‌ പ്രതി പണം തീർക്കുന്നതിനാല്‍ ഷാരോണിന്റെ പേരില്‍ അയക്കാൻ തുടങ്ങിയതും വിരോധത്തിന് കാരണമായി.

പരിക്കേറ്റ ഷാരോണിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാജവാറ്റിനെ എതിർത്തതിലുള്ള വിരോധം മൂലം പ്രതി കൊല നടത്തിയെന്ന് പ്രോസിക്യൂഷനും മദ്യപാനിയായ പ്രതി മദ്യം ലഭിക്കാത്ത മാനസികാവസ്ഥയില്‍ ചെയ്തതാണെന്ന് പ്രതിഭാഗവും വാദിച്ചു. സില്‍ജയുടെ സഹോദരൻ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് പയ്യാവൂർ പോലീസ് കേസെടുത്തത്.

Previous Post Next Post