ശ്വാസകോശത്തിലെ ചതവ് അല്‍പം കൂടിയിട്ടുണ്ട്. ചതവ് മാറാന്‍ കൂടുതല്‍ സമയമെടുക്കും. വരും ദിവസങ്ങളിലും വെന്റിലേഷനില്‍ തുടരും. ശ്വാസകോശത്തിലെ ഇന്‍ഫെക്ഷന്‍ മാറാനായി രണ്ടുതരം ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നുണ്ട്. അപകടനില തരണം ചെയ്‌തെന്ന് പറയാറിയിട്ടില്ല. ഇന്‍ഫെക്ഷന്‍ കൂടാനും സാധ്യതയുണ്ട്. ഇന്നത്തെ സ്‌കാനില്‍ അഡീഷണല്‍ ഇന്‍ജുറിയൊന്നുമില്ല. അതുതന്നെ നല്ല പുരോഗതിയാണ്.തടി കൂടതലായതിനാല്‍ റിക്കവറിക്ക് സാധാരണത്തിനേക്കാള്‍ സമയം എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം, അപകടംപറ്റിയ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്‌ഐആര്‍. സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേജ് കെട്ടിയവര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. പഴ്‌സനല്‍ സ്റ്റാഫിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയില്‍ തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടര്‍ന്ന് ശ്വാസകോശത്തിലും മുറിവുണ്ട്.