കാനനപാതയിലൂടെ കാൽനടയായി ശബരിമലയിലേക്ക് എത്തുന്ന ഭക്തർക്ക് ദർശനത്തിനായി പ്രത്യേക പാസ്,പാസിന്റെ വിതരണോദ്ഘാടനം ശബരിമല എ.ഡി.എം ഡോ.അരുൺ എസ്.നായർ നിർവഹിച്ചു


 ശബരിമല : കാനനപാതയിലൂടെ കാൽനടയായി ശബരിമലയിലേക്ക് എത്തുന്ന ഭക്തർക്ക് ദർശനത്തിനായി പ്രത്യേക പാസ് നൽകുന്ന നടപടി തുടങ്ങി. എരുമേലി മുതൽ പമ്പ വരെയുള്ള 30 കിലോമീറ്റർ ദൂരമുള്ള കാനനപാത കാൽ നടയായി താണ്ടി ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്കായി വനം വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രത്യേക പാസ് പദ്ധതിക്കാണ് ബുധനാഴ്ച രാവിലെ മുതൽ തുടക്കമായത്.

മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസിൽ പുതുശ്ശേരി താവളത്തിൽ വെച്ച് സീൽ പതിക്കും. തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്സിറ്റ് സീൽ വാങ്ങി പമ്പ വഴി മരക്കൂട്ടത്ത് എത്തുന്ന ഭക്തർക്ക് ക്യൂ നിൽക്കാതെ ദർശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പ്രത്യേക പാസ് സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുന്നത്.

വനം വകുപ്പാണ് പാസ് നൽകുന്നത്. ബുധനാഴ്ച മുതൽ മകരവിളക്ക് കാലയളവ് വരെ പ്രത്യേക പാസ്സ് ഭക്തജനങ്ങൾക്ക് ലഭ്യമാകും. ബുധനാഴ്ച രാവിലെ മുക്കുഴിയിൽ നടന്ന ചടങ്ങിൽ പ്രത്യേക പാസിന്റെ വിതരണോദ്ഘാടനം ശബരിമല എ.ഡി.എം ഡോ.അരുൺ എസ്.നായർ നിർവഹിച്ചു. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.മുകേഷ്, മുക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് കെ. ജയപ്രകാശ് ,സാപ്പ് ഇ.ഡി സി ചെയർമാൻ ജോഷി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post