'എംടി അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കി, തലമുറകളെ രൂപപ്പെടുത്തി'; അനുശോചിച്ച്‌ മോദി

എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മനുഷ്യവികാരങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പര്യവേക്ഷണത്തിലൂടെ അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇനിയും നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുമെന്നും മോദി എക്‌സില്‍ പറഞ്ഞു.
'മലയാള സിനിമയിലും സാഹിത്യത്തിലും ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായിരുന്നു എംടി വാസുദേവന്‍ നായര്‍. മനുഷ്യവികാരങ്ങളെ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തിയിട്ടുണ്ട്. ഇനിയും നിരവധി പേര്‍ക്ക് പ്രചോദനം നല്‍കും. നിശബ്ദരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായവര്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമാണ്. ഓം ശാന്തി.'- മോദി കുറിച്ചു.

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി

എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്സില്‍ ഓര്‍മ്മിപ്പിച്ചു.

'പ്രശസ്ത മലയാള എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു'- രാഷ്ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.

Previous Post Next Post