വയനാടിന് പ്രത്യേക പാക്കേജ് വേണം; പ്രിയങ്കയുടെ നേതൃത്വത്തില്‍ എംപിമാര്‍ അമിത് ഷായെ കണ്ടു

വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത് ഷായെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
വയനാടിന് 2221 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ ആ പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. വീട്ടിലെ മുഴുവന്‍ അംഗങ്ങളെയും നഷ്ടപ്പെട്ടവരുണ്ട്. അതില്‍ ചെറിയ കുട്ടികളുണ്ട്. അവര്‍ക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അത് രാജ്യത്തിനാകെ വളരെ മോശം സന്ദേശമാണ് നല്‍കുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസ്സിലാക്കണമെന്നും ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മുണ്ടക്കൈ ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍പ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ എംപിമാരെ അറിയിച്ചു. 2219 കോടിയുടെ പാക്കേജ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും തീരുമാനം. വയനാട് പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ അറിയിക്കാമെന്നും ആഭ്യന്തരമന്ത്രി എംപിമാരോട് പറഞ്ഞു.
Previous Post Next Post