ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും സമാനമായി പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ സിറിയൻ പ്രസിഡന്റിന്റെ വസതിയിലെ വിലപിടിപ്പുള്ള ആഡംബര വസ്തുക്കളെല്ലാം കൊള്ളയടിക്കപ്പെട്ടു.
31,500 ചതുരശ്ര മീറ്റർ വരുന്ന അല്‍ റവാദയിലെ അസദിന്റെ കൊട്ടാരം മുഴുവൻ കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വിമതസംഘം അസദിന്റെ കിടപ്പുമുറിയും ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കുന്ന കാബിനുകളും കൊട്ടാരത്തോട് ചേർന്ന പൂന്തോട്ടവുമെല്ലാം പൂർണമായും നശിപ്പിച്ചു. ഫർണിച്ചറുകള്‍, ആഭരണങ്ങള്‍, ലൂയി വിറ്റൻ ബാഗുകള്‍, ആഡംബര കാറുകള്‍ തുടങ്ങിയവയെല്ലാം കൊള്ളയടിക്കപ്പെട്ടു. പലരും കൊട്ടാരത്തിനുള്ളിലിരുന്ന് ചിത്രങ്ങള്‍ പകർത്തി. ജനങ്ങളുടെ കൊട്ടാരം എന്നാണ് അവരിതിനെ വിശേഷിപ്പിച്ചത്.
കെട്ടിടങ്ങള്‍ തകർത്ത വിമതർ അസദിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ നശിപ്പിച്ചു. കൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന മെഴ്സിഡസ് ബെൻസ് കാർ, എസ്യുവികള്, മോട്ടോർ സൈക്കിളുകള്‍, ഓള് ടെറൈൻ വെഹിക്കിള്‍ എന്നിവ ഉള്‍പ്പെടെ വിമതർ കൈക്കലാക്കി. കൊട്ടാരത്തിലെ വസ്ത്രങ്ങള്‍, പ്ലേറ്റുകള്‍, ഷോപ്പിംഗ് ബാഗ് തുടങ്ങി കിട്ടിയതെല്ലാം വിമതർ തട്ടിയെടുത്തു. കൊട്ടാരത്തിലെ കസേരകള്‍ ചുമലിലെടുത്തുകൊണ്ടുപോയി. സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം നിലത്ത് വാരിയിട്ടശേഷം കപ്ബോർഡുകളും എടുത്തുകൊണ്ട്പോയി. ചിലർ കൊട്ടാരത്തിനുള്ളില്‍ വെടിയുതിർത്താണ് സന്തോഷണ് പ്രകടിപ്പിച്ചത്. അവസാനം കൊട്ടാരത്തിലെ മുറികള്‍ക്ക് തീ വയ്ക്കുകയും ചെയ്തു.
അസദും അദ്ദേഹത്തിന്റെ കുടുംബവും മോസ്കോയില്‍ വന്നിറങ്ങി. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ റഷ്യ അവർക്ക് അഭയം നല്‍കിയതെന്ന് റഷ്യൻ വാർത്താ ഏജൻസികള്‍ പറയുന്നു. വിമതർ തലസ്ഥാനം പിടിച്ചെടുത്ത സമയത്താണ് ദമാസ്കസ് വിമാനത്താവളത്തില്‍ നിന്നും സിറിയൻ എയർ വിമാനം പറന്നുയർന്നത്.