കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ കൊലപാതകത്തില്‍ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും. ഗഫൂറില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണം മറ്റു ജില്ലകളിലും വിറ്റിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴി. കേസില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ സംഘത്തിന് കര്‍ണാടകത്തില്‍ അടക്കം കണ്ണികള്‍ ഉണ്ടെന്നാണ് അബ്ദുള്‍ ഗഫൂറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
596 പവന്‍ സ്വര്‍ണമാണ് സംഘം പലപ്പോഴായി അബ്ദുള്‍ ഗഫൂറില്‍ നിന്നും തട്ടിയെടുത്തത്. സ്വര്‍ണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു മന്ത്രിവാദിനിയായ യുവതിയും സംഘവും സ്വര്‍ണം വാങ്ങിയെടുത്തത്. വാങ്ങിയ സ്വര്‍ണം അബ്ദുള്‍ ഗഫൂര്‍ തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. സ്വര്‍ണം വിറ്റു കിട്ടിയ പണം ആഢംബര ജീവിതത്തിനും ഭൂമി ഇടപാടിനും വിനിയോഗിച്ചുവെന്നും പ്രതികള്‍ വെളിപ്പെടുത്തി.
മന്ത്രിവാദിനിയായ ജിന്നുമ്മ എന്ന ഷെമീനയുടെ ഭര്‍ത്താവ് ഉബൈസ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഇതിനായി സംഭവദിവസം പ്രത്യേക മന്ത്രവാദം നടത്താന്‍ തീരുമാനിച്ചു. മന്ത്രവാദ സമയത്ത് വീട്ടുകാരെ അവിടെ നിന്നും മാറ്റണമെന്ന് അബ്ദുള്‍ ഗഫൂറിന് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രവാദത്തിനു ശേഷം, പലതവണയായി കൈപ്പറ്റിയ സ്വര്‍ണം തിരിച്ചു ചോദിച്ചപ്പോള്‍ ഗഫൂറിന്റെ തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
കേസില്‍ അറസ്റ്റിലായ ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്റെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. പണം വന്ന വഴികള്‍, കൈകാര്യം ചെയ്ത വ്യക്തികള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കും. പ്രതികള്‍ക്ക് വന്‍ സ്വാധീനമുണ്ടെന്നും, കര്‍ണാടകയില്‍ അടക്കം ബന്ധങ്ങളുണ്ടെന്നും അബ്ദുള്‍ ഗഫൂറിന്റെ വീട്ടുകാര്‍ പറയുന്നു. അറസ്റ്റിലായ മന്ത്രവാദിനി കൂളിക്കുന്ന് സ്വദേശി കെ. എച്ച് ഷമീന, ഭര്‍ത്താവ് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്‌നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരെ കോടതി റിമാന്റ് ചെയ്തിരുന്നു. സംഘം തട്ടിയെടുത്ത 29 പവന്‍ സ്വര്‍ണം പൊലീസ് ഇന്നലെ കാസര്‍കോട് നഗരത്തിലെ ഒരു ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു.
പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്മയില്‍ എം സി അബ്ദുല്‍ ഗഫൂറിനെ (55) 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.