തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്; എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ക്രിസ്മസ് ആശസകൾ

യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്ബാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു.
ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും നഗരവും. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ വിശ്വാസികള്‍ വരവേറ്റു. 

ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടന്ന കുർബാനക്ക് കര്‍ദ്ദിനാള്‍ മാർ ജോർജ് കൂവക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു.
പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം നല്‍കി. കൊച്ചി വരാപ്പുഴ അതിരൂപതയില്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്ബിന്റെ മുഖ്യകാർമ്മികത്വത്തില്‍ ക്രിസ്മസ് പാതിരാ കുർബാന നടന്നു. ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിലെ മൗണ്ട് കാർമല്‍ കത്തീ‌ഡ്രല്‍ ചർച്ചിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്ബില്‍ മുഖ്യകാർമ്മികത്വം വഹിച്ചു. കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിലും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു.
Previous Post Next Post