പുഷ്പ 2' ആദ്യ ഷോ ആരാധകർ ഏറ്റെടുത്തപ്പോൾ കടുത്ത നെഗറ്റീവ് കമന്റുകളുമായി സാധാരണ പ്രേക്ഷകർ. പുഷ്പയ്ക്ക് പാളി, ആവറേജ് പടം, നിരാശപ്പെടുത്തി, ഒരു സിനിമയുടെ സെക്കന്റ് പാർട്ട് നിർബന്ധമാണോ, എടുക്കാണേൽ അത് മെനയ്ക്ക് എടുത്തൂടെ, പാർട്ട് 2 അപരാധങ്ങളെക്കൊണ്ട് മടുത്തു എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.
പുഷ്പ വൺ ഹിറ്റായിരുന്നു, പുഷ്പ ദ റൂൾ പാർട്ട് 2 ആരാധകർക്ക് പോലും സഹിക്കാനായില്ലെന്നും കമന്റുകളുണ്ട്. ഫഹദും വെറുപ്പിക്കലിന്റെ അങ്ങേയറ്റമയിരുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്നത് ഫഹദിന്റെ പ്രകടനത്തിനായിരുന്നു.
എന്നാൽ രശ്മിക മന്ദാനയുടെ അഭിനയം അൽപം മെച്ചപ്പെട്ടിട്ടുണ്ടെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നുണ്ട്. ലോകമാകമാനം 12,000 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ 500 സ്‌ക്രീനുകളിലാണ് എത്തുന്നത്.
പുലർച്ചെ നാല് മണിക്കു തുടങ്ങിയ ആദ്യ ഷോ മുതൽ വലിയ തിരക്കാണ് തിയേറ്ററുകളിൽ അനുഭവപ്പെടുന്നത്. അതേസമയം, ഹൈദരാബാദിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. ഒരുപാട് പേർക്ക് പരുക്കുമേറ്റു. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.