'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' ബില്‍ ജെപിസിക്ക്; 269 പേര്‍ അനുകൂലിച്ചു; എതിര്‍ത്തത് 198 അംഗങ്ങള്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവതരിപ്പിച്ച ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ചര്‍ച്ചയ്ക്കായി സംയുക്തപാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. 269 പേര്‍ ബില്‍ അവതരിപ്പിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തതപ്പോള്‍ 198 പേര്‍ എതിര്‍ത്തു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന് സംസ്ഥാന നിയമസഭകളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബില്‍ എന്നിവയാണ് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അവതരിപ്പിച്ചത്.

ബില്‍ വിശദമായ ചര്‍ച്ചയ്ക്കായി ജെപിസിക്ക് അയക്കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം നിര്‍ദേശിച്ചതെന്നും അമിത് ഷാ പറഞ്ഞു. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ മന്ത്രിസഭ പരിഗണിച്ചപ്പോള്‍, ഇത് പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ തലങ്ങളിലും ഇതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തണം,' അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.

അതേസമയം ഒരുരാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇത് ഭരണഘടനയുടെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ബില്‍ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ സേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് സമാജ് വാജി പാര്‍ട്ടിയിലെ ധര്‍മേന്ദ്ര യാദവ് പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെയും ഫെഡറല്‍ ഘടനയെയും ഇത് തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Previous Post Next Post