ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പണമടയ്ക്കാതെ തന്നെ 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ രാജ്യമാകെ നടപ്പാക്കും. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലാണ് ഒരാഴ്ചത്തെ ചികിത്സ ലഭ്യമാക്കുക. തുക, അതത് മോട്ടോര്‍ വാഹന അപകട ഫണ്ടില്‍ നിന്ന് ആശുപത്രികള്‍ക്ക് നല്‍കും. മാര്‍ച്ചില്‍ ആരംഭിച്ച പൈലറ്റ് പദ്ധതി വഴി 2100 പേരുടെ ജീവന്‍ രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു
ദേശീയ ആരോഗ്യ അതോറിറ്റി, പൊലീസ്, എംപാനല്‍ ചെയ്ത ആശുപത്രികള്‍, സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ എന്നിവയും പദ്ധതിയില്‍ പങ്കാളികളാകും. പദ്ധതിക്ക് പണം കണ്ടെത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായവും ഗതാഗതമന്ത്രാലയം തേടിയിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുകയും 2.97 ശതമാനം മോട്ടോര്‍ വാഹനാപകട ഫണ്ടിലേക്ക് മാറ്റണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.
