'ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല, സംസ്ഥാന അധ്യക്ഷൻ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച'; സുരേന്ദ്രന് എതിരെ ഒളിയമ്ബ്

പാലക്കാട് വൻ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ ഒളിയമ്ബുമായി ബിജെപി നേതാക്കള്‍.
പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ കാര്യമാണ് എന്നാണ് സന്ദീപ് വാചസ്പതി ഫെയ്സ്ബുക്കില്‍ കുറിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കോഴയും കൂറുമാറ്റവും അടക്കമുള്ള വിഷയങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പാർട്ടിക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം കുറിച്ചു. 

ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്നാണ് ബിജെപി നേതാവ് എൻ ശിവരാജൻ പറ‍ഞ്ഞത്. സംഘടന ശക്തിപ്പെടുത്താനായി കുറെക്കാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടു വരണമെന്നും ശിവരാജൻ കൂട്ടിച്ചേര്‍ത്തു. സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെ സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ പ്രതികരണം.
സന്ദീപ് വാചസ്പതിയുടെ കുറിപ്പ്

ഉപതിരഞ്ഞെടുപ്പില്‍ യഥാർത്ഥ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കര മണ്ഡലത്തിലാണ്. അവിടെ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി നടത്തിയത്. പതിനായിരത്തോളം വോട്ട് ചേലക്കരയില്‍ ബിജെപിക്ക് കൂടി. പ്രചാരണത്തിന് നേതൃത്വം നല്‍കിയ തൃശ്ശൂർ ജില്ലാ കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു. വയനാടും ബിജെപി വോട്ട് വിഹിതം നിലനിർത്തി. അവിടെയും പാർട്ടി എന്ന നിലയില്‍ ബിജെപി അടിത്തറ ശക്തമാണ്.

എന്നാല്‍ പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങള്‍. പ്രചാരണത്തില്‍ അടക്കം ഇത് കാണാമായിരുന്നു. വർഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പാർട്ടിക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കും. എങ്കിലും പാലക്കാട് ബിജെപിയുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. ഈ തിരിച്ചടി താത്കാലികം മാത്രമാണ്. ഇതിനെയും പാർട്ടി മറികടക്കും. അതിനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്.
Previous Post Next Post