ഐപിഎല്‍ ലേലത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; ചരിത്രം കുറിക്കാന്‍ വൈഭവ് സൂര്യവംശി



ന്യൂഡല്‍ഹി: ഐപിഎല്‍ 2025 മെഗാ താരലേലത്തില്‍ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. നവംബര്‍ 24, 25 തീയതികളില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്ന 574 താരങ്ങളില്‍ ഒരാളാണ് ബിഹാറില്‍ നിന്നുള്ള കൗമാരതാരം.

10 ഫ്രാഞ്ചൈസികളിലായി 204 കളിക്കാരെയാണ് ലേലത്തിലൂടെ കണ്ടെത്തുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. പട്ടികയില്‍ 491-ാം സ്ഥാനത്താണ് ഇടംകൈയ്യന്‍ ബാറ്റര്‍.

2024 ജനുവരിയില്‍ 12-ാം വയസ്സില്‍ രഞ്ജി ട്രോഫിയില്‍ ബിഹാറിനു വേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച താരമാണ് വൈഭവ്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരെ നടന്ന അണ്ടര്‍ 19 ടെസ്റ്റ് പരമ്പരയില്‍ വൈഭവ് സൂര്യവംശി മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തില്‍, തകര്‍പ്പന്‍ സെഞ്ച്വറി നേടി താരം. ഫസ്റ്റ് ക്ലാസിലെ അഞ്ച് മത്സരങ്ങളിലെ 10 ഇന്നിങ്സുകളില്‍ 100 റണ്‍സ്, 41 ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ മാസം 29 മുതല്‍ ഡിസംബര്‍ 8 വരെ യുഎഇയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും വൈഭവ് അംഗമാണ്.

അണ്‍ക്യാപ്ഡ് ബാറ്റര്‍ ലിസ്റ്റില്‍ ഒമ്പതാമനായ വൈഭവിന് ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്.ഐപിഎല്‍ ആരംഭിച്ച് വര്‍ഷത്തിന് ശേഷമാണ് വൈഭവ് ജനിച്ചത്. ലഭ്യമായ വിവരമനുസരിച്ച് 2011 മാര്‍ച്ച് 27നാണ് ജനനം. എന്നാല്‍ ബിസിസിഐ പ്രസിദ്ധീകരിച്ച പട്ടികയില്‍ 14 വയസ്സാണ്.

ലേലത്തില്‍ 318 അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളുണ്ട്. ഇവരില്‍ ഒരാളാണ് വൈഭവ്. 308 വിദേശ താരങ്ങളും 48 ഇന്ത്യന്‍ താരങ്ങളും ലിസ്റ്റിലുണ്ട്. ഏറ്റവും പ്രായം കൂടിയ താരമായ 42കാരന്‍ ജെയിംസ് ആന്‍ഡേഴ്സന്‍ ആദ്യ ഐപിഎല്‍ കരാര്‍ ലക്ഷ്യമിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Previous Post Next Post