മണ്ഡലകാലം: ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് ശബരി സ്പെഷ്യൽ ട്രെയിനുമായി ഇന്ത്യൻ റെയിൽവേ



കൊച്ചി: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് സ്പെഷ്യൽ ട്രെയിനുമായി ഇന്ത്യൻ റെയിൽവേ, ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴിയാണ് കോട്ടയത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ്. നവംബർ 19 മുതൽ ജനുവരി 15 വരെയാണ് പ്രതിവാര ട്രെയിൻ സർവീസ്. എറണാകുളം കഴിഞ്ഞാൽ ഏറ്റുമാനൂരിലും സ്പെഷ്യൽ സർവീസിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഭക്തർക്ക് പമ്പയിലേക്ക് ബസുകൾ ലഭിക്കും.


ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് നവംബർ 19 മുതൽ ജനുവരി 15 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്പെഷ്യൽ ട്രെയിൻ 07371 സർവീസ് നടത്തുക. നവംബർ 19, 26, ഡിസംബർ 3, 10, 17, 24, 31, ജനുവരി 7, 14 ദിവസങ്ങളിൽ വൈകിട്ട് 3:15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12ന് കോട്ടയത്തെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കോട്ടയത്ത് നിന്ന് ഹുബ്ബള്ളിയിലേക്കുള്ള മടക്കയാത്ര നവംബർ 20 മുതൽ ജനുവരി 15 വരെ ബുധനാഴ്ചകളിലുമാണു 07372 സർവീസ്. നവംബർ 20, 27, ഡിസംബർ 4, 11, 18, 25, ജനുവരി 1, 8,15 ദിവസങ്ങളിൽ വൈകിട്ട് 3ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12:50നു ഹുബ്ബള്ളിയിലെത്തും. രണ്ട് എസി ടു ടയർ, രണ്ട് എസി ത്രീടയർ, ആറ് സ്ലീപ്പർ, ആറ് ജനറൽ കോച്ചുകളാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് സ്ലീപ്പർ കോച്ചിന് 685 രൂപയും 3എ ക്ലാസിന് 1790 രൂപയും 2എ ക്ലാസിന് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ആരംഭിച്ചതിന് പിന്നാലെ അതിവേഗത്തിലാണ് ബുക്കിങ് പുരോഗമിക്കുന്നത്.
Previous Post Next Post