ശബരിമല തീര്‍ഥാടകര്‍ക്ക് ഇനി പമ്ബയിലും വാഹന പാര്‍ക്കിങ്; അനുമതി നല്‍കി ഹൈകോടതി.


ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് പമ്ബയില്‍ വാഹന പാർക്കിങ് അനുവദിച്ച്‌ ഹൈകോടതി. ചെക്കുപാലം 2, ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് പാർക്കിങ് അനുവദിച്ചത്.

കേരള പൊലീസിന്‍റെയും കെ.എസ്.ആർ.ടി.സിയുടെയും എതിർപ്പ് അവഗണിച്ചാണ് ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവ്.

ഒരു തരത്തിലും റോഡിന്‍റെ വശങ്ങളില്‍ പാർക്കിങ് പാടില്ല. ഭക്തർ അടക്കമുള്ളവർ റോഡിന് സമീപം വാഹനം പാർക്ക് ചെയ്യുകയാണെങ്കില്‍ അവർക്ക് കനത്ത പിഴ ഈടാക്കണമെന്നും കൂടാതെ, വാഹനം സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. പുതിയ സംവിധാനം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഇടപെടുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഹരജി അനുവദിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പമ്ബയിലേക്ക് കൂടി വാഹനങ്ങള്‍ വരികയാണെങ്കില്‍ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും കഴിഞ്ഞ വർഷം വരെ തുടർന്നുവന്നത് അതേ രീതിയില്‍ ഇത്തവണയും പാർക്കിങ് അനുവദിക്കണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

 പമ്ബയില്‍ കൂടി പാർക്കിങ് അനുവദിച്ചാല്‍ വലിയ ഗതാഗത കുരുക്കുണ്ടാക്കുമെന്നും ഒപ്പം വലിയ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും കെ.എസ്.ആർ.ടി.സി വാദിച്ചു. ഭക്തർക്ക് കൂടുതല്‍ സൗകര്യം ഉരുക്കേണ്ടത് അത്യാവശ്യമാണെന്ന് ദേവസ്വം ബോർഡ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

Previous Post Next Post