അലങ്കോലപ്പെടുത്താന്‍ മുന്നിട്ട് നിന്നത് അധ്യാപകര്‍; അപഖ്യാതി രണ്ട് സ്‌കൂളുകള്‍ക്കെന്ന് ശിവന്‍കുട്ടി

കേരള സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം അലോങ്കലപ്പെടുത്താന്‍ ആസൂത്രിതശ്രമമുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
സമാപന സമ്മേളനം മികച്ച നിലയില്‍ മുന്നോട്ടുപോകുമ്ബോഴാണ് മികച്ച സ്‌കൂളിന്റെ പേരിലുള്ള തര്‍ക്കം തിരുനാവായ നാവാ മുകുന്ദ സ്‌കുള്‍ ഉന്നയിക്കുന്നത്. സ്‌കൂളിന്റെ പ്രതിനിധികളുമായി സ്റ്റേജില്‍ വച്ച്‌ തന്നെ കൂടിക്കാഴ്ച നടത്തി. എന്നാല്‍ അത് ചെവിക്കൊളളാതെയാണ് മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു

പരാതികളില്ലാത്ത മികച്ച സംഘാടനമാണ് ഒളിംപിക്സ് മോഡല്‍ കായികമേളയില്‍ ഉണ്ടായത്. ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു ഇത്തവണത്തേത്. പരാതി ഉന്നയിച്ച തിരുനാവായ നാവാ മുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ മുന്നിട്ട് നിന്നത് അധ്യാപകരാണെന്നും സമ്മേളനം അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി ഈ രണ്ട് സ്‌കൂളുകള്‍ക്കാണെന്നും ശിവന്‍കുട്ടി പറഞ്ഞു. 
കായിക മേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയിലായിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവര്‍ത്തനം. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നു. സമാപന സമ്മേളനം മികച്ച നിലയില്‍ മുന്നോട്ടു പോകുമ്ബോഴാണ് ഒരുകൂട്ടം അധ്യാപകര്‍ മേള അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂളിന്റെ പ്രതിനിധികളുമായി വേദിയില്‍ വെച്ച്‌ തന്നെ കൂടിക്കാഴ്ച നടത്തി പരാതി ഗൗരവമായി കണക്കിലെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് അവര്‍ ചെവിക്കൊണ്ടില്ലെന്നും മന്ത്രി പറഞ്ഞു.
Previous Post Next Post