പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പാലക്കാട് ആവേശം വാനോളം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ തമ്മിലുള്ള ത്രികോണപ്പോരില്‍ 20ന് ജനം വിധിയെഴുതാനിരിക്കെ പരസ്യപ്രചാരണത്തിന്‍റെ സമാപനം ആവേശകടലാക്കി മാറ്റുകയാണ് പ്രവര്‍ത്തകര്‍.
യുഡിഎഫ് സ്ഥാനാ൪ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കലാശക്കൊട്ടിനെത്തിയത്. റോഡ്ഷോയ്ക്കായി ട്രോളി ബാഗുമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത്.സന്ദീപ് വാര്യരും രമേശ് പിഷാരടിയും റോഡ്ഷോയില്‍ രാഹുലിനൊപ്പം പങ്കെടുക്കുന്നുണ്ട്.
എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകീട്ട് നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ചു. പി സരിനൊപ്പം എംബി രാജേഷും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്‍റെ റോഡ് ഷോ മേലാമുറി ജങ്ഷനില്‍ നിന്നുമാണ് ആരംഭിച്ചത്.ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രൻ, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയ സ്ഥാനാര്‍ത്ഥികളും റോഡ്ഷോയില്‍ പങ്കെടുക്കുന്നുണ്ട്.