പട്‌ന: ബിഹാറിൽ ഷണ്ടിങ്ങിനിടെ കോച്ചുകൾക്കിടയിൽ കുടുങ്ങി ജീവനക്കാരൻ മരിച്ച സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി റെയിൽവെയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സോന്‍പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഡിവിഷനിലെ പോര്‍ട്ടര്‍ അമര്‍ കുമാര്‍ റാവു (25) ആണ് ശനിയാഴ്ച ബരൗണി ജങ്ഷനിൽ ഷണ്ടിങ്ങിനിടെ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചത്.
അമര്‍ കുമാറിനൊപ്പം മറ്റൊരു ജീവനക്കാരനായ മുഹമ്മദ് സുലൈമാനുമുണ്ടായിരുന്നു. ഇവർ രണ്ട് പേർക്കുമിടയിലെ ഏകോപനമില്ലായ്മയാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദ് സുലൈമാന്‍ തെറ്റായ സിഗ്നല്‍ നല്‍കിതോടെ ലോക്കോ പൈലറ്റ് എൻജിൻ തിരിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ലോക്കോ പൈലറ്റാണ് അപകടത്തിന് കാരണമെന്നാണ് മുഹമ്മ് സുലൈമാന്റെ വാദം. തന്റെ സിഗ്നലിന് കാത്തുനില്‍ക്കാതെ ലോക്കോ പൈലറ്റ് എന്‍ജിന്‍ തിരിച്ചുവിട്ടതാണ് അമറിന്റെ മരണത്തിന് കാരണമായതെന്നും സുലൈമാന്‍ പറഞ്ഞു.
അമര്‍ റാവുവിന്റെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. റെയില്‍വേ ജീവനക്കാരുടെ അനാസ്ഥയാണ് അമറിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാവിലെ 10:15 നോടെ കുമാറിൻ്റെ മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും റെയിൽവെ അറിയിച്ചു.
