കൊള്ള, പിടിച്ചുപറി തുടങ്ങി യുവാവിന്റെ പേരില്‍ നിരവധി കേസുകള്‍; 19 കാരിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

കൊച്ചി :ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാപ്പ നിയമപ്രകാരം നടപടി നേരിടുന്ന യുവാവിനൊപ്പം പോയ 19 കാരിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

മോഷണം, കൊള്ള, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് യുവാവ്. യുവാവിനെതിരെ ഇത്രയേറെ കേസുകള്‍ ഉള്ളതായി അറിയില്ലായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പാം പോകാന്‍ സന്നദ്ധതയും കോടതിയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. യുവാവിന്റെ കൈവശമുള്ള പെണ്‍കുട്ടിയുടെ വിദ്യാഭ്യാസരേഖകള്‍ മാതാപിതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന്‍ വഴി കൈമാറാനും കോടതി നിര്‍ദേശിച്ചു. കാപ്പ നിയമപ്രകാരമുള്ള നടപടി നേരിടുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.

Previous Post Next Post