വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമോ?, തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്രസര്‍ക്കാര്‍



കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഏതു വിഭാഗത്തില്‍പ്പെടുമെന്നതു സംബന്ധിച്ച ഉന്നതതല സമിതി തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. ഇതില്‍ എല്‍-3 വിഭാഗത്തില്‍പ്പെടുന്ന, അതിതീവ്ര ദുരന്തമായി മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.

ദുരന്തങ്ങളെ ഏതു കാറ്റഗറിയില്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ദേശീയദുരന്തമായി പ്രഖ്യാപിക്കണോ എന്നത് ഉന്നതതല സമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം ഉരുള്‍പൊട്ടലിനെ ഏതു കാറ്റഗറിയില്‍പ്പെടുത്താം എന്നതില്‍ തീരുമാനം അറിയിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പിന്തുണയും നല്‍കുന്നില്ലെന്ന് കഴിഞ്ഞതവണ കേരളം കോടതിയെ അറിയിച്ചിരുന്നു.

സാമ്പത്തികസഹായം വൈകിപ്പിക്കുക മാത്രമല്ല, തീവ്രസ്വഭാവത്തിലുള്ള ദുരന്തമായി വിജ്ഞാപനം ചെയ്യുന്നതിലും കാലതാമസം വരുത്തുകയാണെന്നും കേരള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ദുരിതബാധിതര്‍ക്ക് പ്രതിദിനം 300 രൂപ നല്‍കുന്ന പദ്ധതി 30 ദിവസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാര്‍ത്തകള്‍ വരുന്നുണ്ടല്ലോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ട്രഷറികള്‍ വഴിയോ ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഇതോടൊപ്പം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. പാരാമെട്രിക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സ്വകാര്യമേഖലയും സഹകരിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിച്ചിട്ടുണ്ട്.

Previous Post Next Post