ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ല; കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം: കെ മുരളീധരന്‍



തൃശൂര്‍: സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസി അയച്ച കത്ത് ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ലെന്ന് കെ മുരളീധരന്‍. കിട്ടിയവര്‍ അതേക്കുറിച്ച് പറഞ്ഞല്ലോ. കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. സ്ഥാനാര്‍ത്ഥി വന്നു കഴിഞ്ഞതിനാല്‍ കത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലാതെ അയച്ച കത്തുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കൊടുത്ത കത്താണത്. അതു രഹസ്യമൊന്നുമല്ല. ഇലക്ഷനു മുമ്പ് ആര്‍ക്കും ആരുടെ പേരും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അത് അന്തിമമാണ്- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മണ്ഡലത്തില്‍ കെ മുരളീധരന്റെ പേര് ഡിസിസി നിര്‍ദേശിച്ചിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സ്ഥിരീകരിച്ചിരുന്നു.

നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പം എന്നു പറയുകയും, അതേസമയം ദിവ്യയ്‌ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. കലക്ടറെക്കൊണ്ടുവരെ മൊഴി മാറ്റിച്ചു. ഒന്നാം പ്രതി ദിവ്യയാണെങ്കില്‍ രണ്ടാം പ്രതി കലക്ടറാണ്. പിണറായിയുടെ താളത്തിനൊപ്പം കലക്ടര്‍ തുള്ളുകയാണ്. ഒന്നേമുക്കാല്‍ വര്‍ഷം കൂടിയേ ഈ സര്‍ക്കാര്‍ ഉള്ളൂ എന്ന കാര്യം കലക്ടര്‍ മനസ്സിലാക്കണം. അദ്ദേഹത്തിന് ഇനിയും സര്‍വീസ് ഉള്ളതാണ്. വെറുതെ സര്‍വീസില്‍ ബ്ലാക്ക് മാര്‍ക്ക് വാങ്ങുന്ന സ്ഥിതി വിശേഷം അദ്ദേഹം ഉണ്ടാക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഡിസിസിയുടെ കത്ത് എങ്ങനെ പുറത്തു വന്നു എന്നതിനെക്കുറിച്ച് അന്വേഷണം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഒരു അന്വേഷണവും വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പു സമയത്ത് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആര്‍ക്കു വേണമെങ്കിലും നിര്‍ദേശിക്കാവുന്നതാണ്. മുമ്പും അത്തരം കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ പാര്‍ട്ടി ഹൈക്കമാന്‍ഡ് എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. അതിനാല്‍ ഒരന്വേഷണത്തിന്റേയും ആവശ്യവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Previous Post Next Post