സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്തു, കുത്തിയത് നവാസിന്റെ മുതുകത്ത്; കൊല്ലം കൊലപാതകത്തില്‍ നാലുപേര്‍ പിടിയില്‍

കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്.
നവാസിനെ കത്തി കൊണ്ട് മുതുകത്ത് കുത്തിയ സദ്ദാം അടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സദ്ദാമിന് പുറമേ അന്‍സാരി, ഷെഫീക്ക്, നൂര്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ച്‌ വരികയാണ്. 
സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് നവാസിന് കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മടങ്ങിവരവേ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു.

രാത്രിയില്‍ തന്നെ ഇവര്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. അക്രമമുണ്ടായ പ്രദേശത്തു രാത്രി പത്തരയോടെ വിവരം തിരക്കാനെത്തിയ നവാസിനെ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
Previous Post Next Post