അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം; യുവാവ് പിടിയിൽ



തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. വെള്ളറട ചൂണ്ടിക്കൽ സ്വദേശി അതുൽ ദേവ് ആണ് പിടിയിലായത്. പരിക്കേറ്റ കലിങ്ക്‌നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. സെപ്റ്റംബർ 11 നാണ് സുരേഷിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

മുറിയിൽ നിന്നും ദുർ​ഗന്ധം വമിച്ചപ്പോൾ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ ഏഴിനായിരുന്നു അപകടമുണ്ടായത്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് വിവരം. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Previous Post Next Post