ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46 റണ്‍സിന് പുറത്തായി. യശസ്വി ജയ്‌സ്വാള്‍(63 പന്തില്‍ 13), ഋഷഭ് പന്ത്(49 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് വിക്കറ്റ് നേടിയ വില്ല്യം ഓറോക്കുമാണ് ഇന്ത്യയുടെ വിക്കറ്റുകള്‍ പിഴുതത്.
ഇന്നിങ്‌സ് ആരംഭിച്ച് ഏഴാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ(2)പുറത്തായിന് ശേഷം പിന്നിടെത്തിയ എല്ലാവരുടെയും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്ലി, സര്‍ഫാറസ് ഖാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിങ്ങനെ അഞ്ച് പേര്‍ പൂജ്യത്തില്‍ മടങ്ങി.
ഇന്ത്യന്‍ മണ്ണിലെ ഇന്ത്യയുടെ എറ്റവും കുറഞ്ഞ സ്‌കോറാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 1987 ല്‍ നേടിയ 75 റണ്‍സെന്ന കുറഞ്ഞ സ്‌കോറാണ് പഴങ്കഥയായത്. ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കുറഞ്ഞ സ്‌കോറാണിത്. കുല്‍ദീപ് യാദവ്- 2, ബുംറ-1, സിറാജ്- 4 എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.
