ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കു കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. മറ്റൊരു ന്യുനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.