അമൻ അഭിമാനം; ഗുസ്തിയില്‍ ഇന്ത്യൻ താരം അമൻ സെഹ്റാവത്തിന് വെങ്കലം

ഒളിംപിക്സ് പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യൻ താരം അമൻ സെഹ്റാവത്തിന് വെങ്കലം. വെങ്കല പോരാട്ടത്തില്‍ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ കീഴടക്കിയാണ് അമൻ ഇന്ത്യയ്ക്ക് ആറാം മെഡല്‍ സമ്മാനിച്ചത്.
ആദ്യ നീക്കങ്ങളില്‍ പോർട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും അമൻ ശക്തമായി തിരിച്ചുവരികയായിരുന്നു. 13-5നായിരുന്നു 21കാരന്റെ വിജയം. 

പാരിസില്‍ ഇന്ത്യൻ ഗുസ്തി സംഘത്തിലെ ഏക പുരുഷ താരമായിരുന്നു അമൻ. ഇതോടെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്സ് മെഡല്‍ ജേതാവാണ് അമൻ. ജൂലൈ 16 നാണ് അമന് 21 വയസ് പൂർത്തിയായത്. പി.വി. സിന്ധുവിനെ മറികടന്നാണ് അമൻ ഈ നേട്ടം കൈവരിച്ചത്.

ഹരിയാന സ്വദേശിയായ അമൻ പ്രീക്വാർട്ടറിലും ക്വാർട്ടറിലും മിന്നും വിജയമാണ് നേടിയത്. ക്വാർട്ടറില്‍ ഉത്തര മാസിഡോണിയയുടെ വ്ലാദിമിർ എഗോറോവിനെ 10-0ന് തോല്‍പ്പിച്ചാണ് അമൻ സെമിയിലേക്ക് മുന്നേറിയത്. എന്നാല്‍ സെമി ഫൈനലില്‍ ലോക ഒന്നാം നമ്ബർ താരവും ലോക ചാംപ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയോട് തോല്‍വി വഴങ്ങുകയായിരുന്നു.

അമന്റെ ഭാരം നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കാൻ ഉറക്കമില്ലാത്ത രാത്രിയാണ് ചിലവിട്ടതെന്ന് പരിശീലകൻ ജഗ്‌മേന്ദർ സിങ്ങും വീരേന്ദർ ദാഹിയയും പറഞ്ഞു. അമന്റെ ഭാരം കുറയ്ക്കുന്നതിന് പ്രത്യേക മുൻകരുതലുകളാണ് സ്വീകരിച്ചത്. എല്ലാ ഓരോ മണിക്കൂറിലും അമന്റെ ഭാരപരിശോധന നടത്തിയാണ് ഇത് ഉറപ്പുവരുത്തിയത്. 2008 ബെയ്ജിങ് മുതല്‍ എല്ലാ ഒളിംപിക്സുകളിലും ഗുസ്തിയില്‍ ഇന്ത്യ മെഡല്‍ നേടിയിട്ടുണ്ട്.

Previous Post Next Post